അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് എത്തി. മൈനസ് ഏഴ് ഡിഗ്രിയാണ് ജമ്മുകശ്മീരിലെ ഏറ്റവും കുറഞ്ഞ താപനില. വിവിധ മേഖലകളിൽ മഞ്ഞുവീഴ്ചയും ശക്തമായി തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ദില്ലി എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.
ശൈത്യത്തോടൊപ്പം വായുമലിനീകരണവും രൂക്ഷമായത് ദില്ലിയിലെ ജനങ്ങളെ വലയ്ക്കുകയാണ്. ഡൽഹിയിലെ വായുമലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി ദീർഘകാല നടപടികൾ ഉടൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഘട്ടം ഘട്ടമായി രാജ്യതലസ്ഥാനത്തിൽ നിന്ന് ഒഴിവാക്കുക, വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന സംവിധാനം ശക്തിപ്പെടുത്തുക, തുടങ്ങിയ ശുപാർശകൾ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് മുന്നോട്ടുവച്ചിരുന്നു.