കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പൻ ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിന്റെ പേരിൽ സിപിഎം – ബിജെപി സംഘർഷം. ഗാനമേളയ്ക്കിടെ സംഘപരിവാർ വേദികളിൽ ആലപിക്കാറുള്ള ഗണഗീതം പാടിയതാണ് സംഘർഷത്തിന് കാരണമായത്. പരിപാടിക്കിടെ സദസിൽ നിന്നുള്ള ആവശ്യപ്രകാരമാണ് ഗായകസംഘം ഗണഗീതം പാടിയത്.
എന്നാൽ, രണ്ട് സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി ഗായകരെ തടയുകയും പാടുന്നത് നിർത്തിക്കുകയും ചെയ്യുകയായിരുന്നു. ക്ഷേത്രത്തിന്റെ സംഘാടക സമിതിയിൽ ബിജെപി – ആർഎസ്എസുകാർ ഉള്ളതിനാൽ ഇത് വലിയ സംഘർഷത്തിന് കാരണമായി. നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സംഭവത്തിൽ ഇരുവിഭാഗവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരിലെ ക്ഷേത്രോത്സവ വേദികളിൽ ഇത്തരം ഗണഗീതങ്ങൾ ആലപിക്കുന്നത് മുമ്പും വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.