ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് ഫൈനൽ പോരാട്ടം. ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ ജർമനിയുടെ രണ്ടാം നമ്പർ താരം അലക്സാണ്ടർ സ്വരേവുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. സെമിയിൽ യുഎസിൻ്റെ 21-ാം സീഡ് ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്നർ ഫൈനലിൽ പ്രവേശിച്ചത്. സെർബിയയുടെ നൊവാക് ജോക്കോവിച്ച് പരിക്കിനെ തുടർന്ന് പിന്മാറിയതോടെ സ്വരേവ് ഫൈനലിലെത്തിയത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഫൈനൽ.
2020ൽ യുഎസ് ഓപ്പണിലും 2024ൽ ഫ്രഞ്ച് ഓപ്പണിലും ഫൈനൽ കളിച്ച സ്വരേവ്, കന്നിക്കപ്പുയർത്താനാണിറങ്ങുന്നത്. 2024 ഓസ്ട്രേലിയൻ ഓപ്പൺ, യുഎസ് ഓപ്പൺ ജേതാവായ സിന്നറിൻ്റെ ലക്ഷ്യം തുടർച്ചയായ രണ്ടാം കപ്പാണ്.