ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ 96 റൺസിൻ്റെ വൻ വിജയം നേടി ഇന്ത്യ കിരീടം സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും സമഗ്ര ആധിപത്യം പുലർത്തിയ ടീം ഇന്ത്യയുടെ പ്രകടനമാണ് ഫൈനലിൽ കാണാനായത്. ബുംറയാണ് കളിയിലെ കേമൻ. ഫൈനലടക്കം അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു സാംസൺ മാൻ ഓഫ് ദി സീരീസ് ആയി.
ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടി. ഓപ്പണർമാരായ അഭിഷേക് ശർമയും സഞ്ജു സാംസണും നൽകിയ അതിവേഗ തുടക്കമാണ് ഇന്ത്യൻ ഇന്നിങ്സിന് ശക്തമായ അടിത്തറ പാകിയത്. 18 പന്തിൽ 52 റൺസെടുത്ത അഭിഷേക് ശർമ പുറത്തായെങ്കിലും മറുവശത്ത് സഞ്ജു സാംസൺ ആക്രമണാത്മക ബാറ്റിങ്ങുമായി മുന്നേറി. 46 പന്തിൽ 89 റൺസ് നേടിയ സഞ്ജുവിൻ്റെ ഇന്നിങ്സിൽ എട്ട് സിക്സറുകൾ ഉൾപ്പെട്ടു. പിന്നീട് വന്ന ഇഷാൻ കിഷൻ 54 റൺസും ശിവം ദുബെ 26 റൺസും നേടി ഇന്ത്യയെ 255 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു.
തകർപ്പൻ തുടക്കമാണ് സഞ്ജു-അഭിഷേക് സഖ്യം ഇന്ത്യക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 98 റൺസ് കൂട്ടിച്ചേർത്തു. മികച്ച ഫോമിലായിരുന്ന അഭിഷേക് 21 പന്തിൽ 52 റൺസ് നേടി. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങിയ ഇന്നിംഗ്‌സിനൊടുവിൽ എട്ടാം ഓവറിൽ രചിൻ രവീന്ദ്രയുടെ പന്തിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി താരം മടങ്ങി.
തുടർന്ന് ക്രീസിൽ ഒത്തുചേർന്ന കിഷനും സഞ്ജുവും ചേർന്ന് ഇന്ത്യയുടെ സ്കോർ അതിവേഗം ഉയർത്തി. ഈ സഖ്യം രണ്ടാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. 15-ാം ഓവറിൽ ജയിംസ് നീഷംയുടെ ആദ്യ പന്തിൽ സഞ്ജു ലോംഗ് ഓണിൽ കോൾ മക്മോഞ്ചിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. എട്ട് സിക്‌സും അഞ്ച് ഫോറും ഉൾപ്പെട്ട ഇന്നിംഗ്‌സായിരുന്നു സഞ്ജുവിൻറേത്.
അതേ ഓവറിലെ അഞ്ചാം പന്തിൽ കിഷനും പുറത്തായി. മാർക്ക് ചാപ്‌മാൻക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. നാല് സിക്‌സും നാല് ഫോറും ഉൾപ്പെട്ട മികച്ച ഇന്നിംഗ്‌സായിരുന്നു കിഷൻ്റെത്. അതേ ഓവറിലെ അവസാന പന്തിൽ സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി പുറത്തായി. പിന്നീട് എത്തിയ ഹാർദിക് പാണ്ഡ്യ (18)ക്കും തിലക് വർമ്മ (8)ക്കും വലിയ സംഭാവന നൽകാനായില്ല. എന്നാൽ അവസാന ഓവറിൽ ശിവം ദുബെ വെറും എട്ട് പന്തിൽ 26 റൺസ് അടിച്ചുതകർത്തതോടെ ഇന്ത്യയുടെ സ്കോർ 255 വരെ ഉയർന്നു. ഇതോടെ ന്യൂസിലൻഡിന് മുന്നിൽ 256 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം ഇന്ത്യ വെച്ചു.
255 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന് എത്തിയ ന്യൂസിലൻഡിന് ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. പവർപ്ലേയിൽ തന്നെ നിർണായക വിക്കറ്റുകൾ വീഴ്ത്തി അക്സർ പട്ടേലും ജസ്പ്രീത് ബുംറയും കിവീസിനെ സമ്മർദ്ദത്തിലാക്കി. 26 പന്തിൽ 52 റൺസെടുത്ത ടിം സെയ്‌ഫർട്ട് മാത്രമാണ് ന്യൂസിലൻഡ് നിരയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്.
വരുൺ ചക്രവർത്തിയും ഹാർദിക് പാണ്ഡ്യയും റൺനിരക്ക് നിയന്ത്രിച്ചതോടെ ന്യൂസിലൻഡിൻ്റെ തിരിച്ചുവരവ് പ്രതീക്ഷകൾ അവസാനിച്ചു. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് മത്സരത്തിലെ നിർണായക ഘടകമായി മാറിയത്. ജെയിംസ് നീഷാം, മാറ്റ് ഹെൻറി എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി ബുംറ വിജയം ഇന്ത്യക്കു അനായാസമാക്കി.
ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ അവസാന ഓവറുകളിൽ തകർത്തടിച്ചെങ്കിലും 19-ാം ഓവറിലെ അവസാന പന്തിൽ അഭിഷേക് ശർമ എറിഞ്ഞ പന്തിൽ ജേക്കബ് ഡഫി പുറത്തായതോടെ ന്യൂസിലൻഡിൻ്റെ ഇന്നിങ്സ് അവസാനിച്ചു.
86,000-ത്തിലധികം കാണികൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ വിജയ നിമിഷം വലിയ ആഘോഷമായി. ഫൈനലിൽ സഞ്ജു സാംസണിൻ്റെ ബാറ്റിങ് മികവും ബുംറയുടെ കൃത്യതയാർന്ന ബോളിങ്ങും ഇന്ത്യയുടെ കിരീടനേട്ടത്തിന് നിർണായകമായി. കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ മൈതാനത്തെ വലംവെച്ച് ആരാധകർക്ക് നന്ദി അറിയിച്ചു. അഹമ്മദാബാദിലെ ആകാശം പടക്കങ്ങളുടെ വർണ്ണക്കാഴ്ചകളാൽ നിറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്ക് സഞ്ജു സാംസണിൻ്റെ മികച്ച ഇന്നിംഗ്‌സാണ് വലിയ സ്കോർ സമ്മാനിച്ചത്.