മലയാള ഭാഷ ബിൽ 2025 പ്രകാരം കേരളത്തിലെ കന്നട മീഡിയം സ്കളുകളിൽ മലയാളത്തെ പ്രഥമ ഭാഷയായി നിർബന്ധമാക്കുന്ന നടപടി ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാ സ്വാതന്ത്യ്രത്തിന് വിരുദ്ധമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാവർക്കും മാതൃഭാഷയിൽ പഠിക്കാനുള്ള അവകാശമുണ്ട്. ഈ പശ്ചാത്തലത്തിൽ കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാ ബിൽ 2025 ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് ഉൾപ്പെടെയുള്ള അതിർത്തി ജില്ലകളിൽ താമസിക്കുന്ന കന്നടിഗർക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവസരം ഇതോടെ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ‘കാസർകോട് ജില്ലയിൽ 70 ശതമാനം വിദ്യാർഥികളും കന്നട ഭാഷയും കന്നട മീഡിയവും ആഗ്രഹിക്കുന്നുവെന്നത് അവിടത്തെ കന്നടിഗരുടെ പൊതുവായ അഭിപ്രായമാണ്. അവിടത്തെ ജനങ്ങൾ കന്നട ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയുമായി ഇടപഴകിയാണ് ജീവിക്കുന്നത്. മാതൃഭാഷയിൽ പഠിക്കുന്ന കുട്ടികൾ കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്ഭാഷാ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാനാവകാശങ്ങൾ അടിച്ചമർത്തുന്ന ഇത്തരമൊരു നീക്കം കേരള സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചതല്ല. അന്യഭാഷകൾ പഠിക്കാൻ കുട്ടികളെ നിർബന്ധിക്കുന്നത് അവരുടെ പഠനശേഷി കുറക്കുകയും ഭാഷാ സ്വാതന്ത്യം നിഷേധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയുംചെയ്യും. ഭരണപരമായി കാസർകോട് കേരളത്തിൻ്റെ ഭാഗമായാലും സാംസ്കാരികമായി കർണാടകയോടാണ് ചേർന്നിരിക്കുന്നത്’ – മുഖ്യമന്ത്രി പറഞ്ഞു.
കേരള സർക്കാറിന് കേരളത്തിൽ മലയാളം വളർത്താനും സംരക്ഷിക്കാനും അവകാശമുണ്ട്. എന്നാൽ, ഒരു ഭാഷയെ മറ്റൊരു ഭാഷക്കുമേൽ അടിച്ചേൽപിക്കരുത്. കേരള സർക്കാർ ഈ ബിൽ നടപ്പാക്കാൻ ശ്രമിച്ചാൽ കന്നടിഗർ ശക്തമായി എതിർക്കും. അവരുടെ ഭാഷ സ്വാതന്ത്യം സംരക്ഷിക്കാൻ എല്ലാ തരത്തിലുള്ള പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.