മട്ടന്നൂർ പാലയോട് വീടിൻ്റെ വാതിൽ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും കവർന്ന പ്രതി പിടിയിൽ. പാലക്കാട് വട്ടമന്നപുരം സ്വദേശി എം.നവാസിനെയാണ് (55) മട്ടന്നൂർ പൊലീസ് പിടികൂടിയത്. തെരൂർ പാലയോട്ടെ പൗർണമിയിൽ ടി. നാരായണൻ്റെ വീട്ടിലാണു കവർച്ച നടന്നത്.
ഡിസംബർ 22ന് രാത്രിയാണ് സംഭവം. നാരായണൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. മോഷണം നടക്കുന്ന ദിവസം നാരായണൻ വീട് പൂട്ടി ബെംഗളൂരുവിലെ മകളുടെ വീട്ടിൽ പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വീടിൻ്റെ മുൻ വശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസിലായി.
നിരീക്ഷണക്യാമറ ആദ്യം ഇയാളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. പിന്നീട് ക്യാമറ നശിപ്പിക്കാനും ഇയാൾ ശ്രമം നടത്തിയിരുന്നു. എന്നാൽ ക്യാമറയിൽ ആദ്യം തന്നെ പതിഞ്ഞ ദൃശ്യങ്ങൾ കള്ളനിലേക്ക് എത്താൻ പൊലീസിന് സഹായകമായി. ഇയാൾ മറ്റ് മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.