നഗരത്തിലുടനീളം നടക്കുന്ന പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബാറുകള്‍, റസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവയുടെ ഉടമകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പുറപ്പെടുവിച്ചു. സുരക്ഷ ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും 30 മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബെംഗളൂരു പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ്ങാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പബ്ബുകള്‍, ബാറുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ ഉടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നടപടി. എല്ലാ ബാറുകളും റസ്റ്റോറന്റുകളും പബ്ബുകളും ക്ലബ്ബുകളും രാത്രി ഒരു മണിക്ക് മുമ്പ് അടയ്ക്കണം. അടച്ചുപൂട്ടല്‍ സമയം ഒരു മണിക്കൂറെങ്കിലും നീട്ടണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും, പോലീസ് വഴങ്ങിയില്ല. ഒരു മണിക്ക് ശേഷം ബാറുകള്‍, റസ്റ്റോറന്റുകള്‍, പബ്ബുകള്‍, ക്ലബ്ബുകള്‍ എന്നിവ തുറന്നുവയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് പൊലീസിൻ്റെ നിലപാട്. നിയമവിരുദ്ധ പരിപാടികളും റേവ് പാര്‍ട്ടികളും നടത്തുന്നത് നിരോധിച്ചു. പ്രവേശന കവാടങ്ങളിലും, എക്സിറ്റ് പോയിന്റുകളിലും, പാര്‍ക്കിങ് ഏരിയകളിലും, പരിപാടിയുടെ പരിസരത്തും തിരക്ക് ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സ്ത്രീകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍, വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണം.
പ്രവര്‍ത്തന സമയം, ആള്‍ക്കൂട്ട നിയന്ത്രണം, പ്രായപരിധി, സ്ത്രീ സുരക്ഷ, ശബ്ദമലിനീകരണം, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കല്‍ എന്നിവ കേന്ദ്രീകരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആഘോഷവേളയില്‍ മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ മാര്ഗനിര്ദേശങ്ങളെന്ന് പൊലീസ് പറഞ്ഞു. വിശാലമായ പ്രവേശന, എക്സിറ്റ് ക്രമീകരണങ്ങള്‍, അഗ്നി സുരക്ഷാ നടപടികള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. പരിപാടിയില്‍ പടക്കങ്ങൾ അനുവദിക്കില്ല. എല്ലാ സ്ഥാപനങ്ങളും ഉത്തരവാദിത്തത്തോടെ ആഘോഷിക്കാനും സമാധാനപരമായ ആഘോഷങ്ങള്‍ ഉറപ്പാക്കാനും പൊലീസുമായി സഹകരിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. തീപിടിത്ത അപകടങ്ങളും തിക്കിലും തിരക്കിലും ആളുകള്‍ വീഴുന്നതും തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
നിയമലംഘനങ്ങള്‍ ഉണ്ടായാല്‍, സംഘാടകര്‍ക്കും സ്ഥാപനത്തിൻ്റെ ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കും. ഗോവയില്‍ നിശാ ക്ലബില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 25 പേരുടെ ജീവന് നഷ്ടപ്പെട്ടിരുന്നു. ഈ അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.