വിവാഹ ചടങ്ങുകളിൽ വരൻ്റെയോ വധുവിൻ്റെയോ ബന്ധുവാണെന്ന് നടിച്ച് പണവും സ്വർണാഭരണങ്ങളും മോഷ്‌ടിച്ചിരുന്ന മുൻ ഗസ്‌റ്റ് ലക്‌ചറർ ബാംഗ്ലൂർ ബസവനഗുഡി പൊലീസ് അറസ്‌റ്റ് ചെയ്തു‌. കെ. ആർ പുരം ഉദയനഗർ സ്വദേശിനിയായ രേവതിയാണ് (46) അറസ്‌റ്റിലായത്. ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വർണാഭരണങ്ങൾ രേവതിയുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ മാസം ബസവനഗുഡിയിലെ കല്യാണമണ്ഡപത്തിൽ ബന്ധുവിൻ്റെ വിവാഹത്തിനെത്തിയ മഞ്ജുനാഥ നഗർ സ്വദേശിനിയുടെ 32 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷണം പോയിരുന്നു. ബാഗിൽ സൂക്ഷിച്ചതായിരുന്നു മാല. ഇവർ പൊലീസിനെ അറിയിച്ചതിനെത്തുടർന്നുള്ള അന്വേഷണമാണ് രേവതിയെ പിടികൂടാൻ കാരണമായത്.

ചോദ്യം ചെയ്യലിൽ പലയിടത്തും സമാനമായ രീതിയിൽ മോഷണം നടത്തിയതായി ഇവർ പോലീസിനോട് പറഞ്ഞു. മോഷ്‌ടിച്ച ആഭരണങ്ങളിൽ ചിലത് വായ്പയ്ക്കായി ബാങ്കിൽ പണയപ്പെടുത്തുകയും ബാക്കി വീട്ടിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ച ശേഷമാണ് ഇവർ മോഷണത്തിലേക്കു തിരിഞ്ഞതെന്നു പൊലീസ് പറഞ്ഞു. സൗഹൃദം സ്‌ഥാപിച്ച് മുറികളിൽ കടന്നുകൂടി സ്വർണ്ണമടക്കമുള്ള വിലകൂടിയ വസ്‌തുക്കൾ മോഷ്ടിച്ച് കടന്നുകളയുകയുമാണ് ഇവരുടെ രീതി. മകൻ്റെ വിദ്യാഭ്യാസ ചെലവുകൾക്കും ഭർത്താവിൻ്റെ ചികിത്സയുടെ ആവശ്യങ്ങൾക്കും വേണ്ടിയാണ് മോഷണം നടത്തിയതെന്നും ഇവർ പറഞ്ഞു.

Related Posts