കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം ശക്തിപ്പെടുത്തുമെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിർദേശം നൽകി.
പക്ഷികളുടെ പച്ചമാംസം, കാഷ്ട്ടം കൈകാര്യം ചെയ്യുന്നവർ മാസ്ക്കുകൾ, കൈയുറകൾ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണമെന്നും മാംസം നല്ലതുപോലെ വേവിച്ച് കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുൻ കരുതലുകൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.