ഡൽഹിയിൽ നിന്ന് മുംബയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എൻജിനിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് തിരിച്ചിറക്കി. 355 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കിയത്. ബോയിംഗ് 777 വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഫ്ലാപ്പ് പിൻവലിക്കൽ സമയത്ത് ഒരു വശത്തെ എൻജിനിൽ ഓയിൽ മർദ്ദം കുറവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് എൻജിൻ ഓയിൽ മർദ്ദം പൂജ്യമായി കുറഞ്ഞു. ജീവനക്കാർ ഉചിതമായ നടപടി സ്വീകരിച്ച് വിമാനം താഴേ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് വലത് ഭാഗത്തെ എൻജിൻ ഓഫായിയെന്നും റിപ്പോർട്ടുണ്ട്. ഈ അപ്രതീക്ഷിത സാഹചര്യം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം അറിയിച്ചിട്ടുണ്ട്.