പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടിൽ നിന്ന് സ്വർണ്ണമടക്കമുള്ള മോഷണ മുതലുമായി മുങ്ങിയ പ്രതിയെ എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ പോലീസ് പിടികൂടി. പ്രതിയെക്കുറിച്ച് പാലക്കാട് സൗത്ത് പോലീസ് ആൾ ഇന്ത്യ കെ.എം.സി.സി ജ.സെക്രട്ടറി എംകെ നൗഷാദിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കകം പ്രതിയെ ബംഗളുരു എസ് എം.വി.ടി റൈൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു.
ഇന്നലെ രാത്രി 10:30 ന് ട്രെയിനിൽ ആസാമിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങവെയാണ് മജെസ്റ്റിക് ഏരിയ എഐകെഎംസിസി പ്രവർത്തകരായ അബ്ദുൽ റസാഖ്, സയീദ്, നൗഷാദ് കെ, നെവീമ് എന്നിവർ പ്രതിയെ സാഹസികമായി പിടികൂടിയത്. ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കൊണ്ടുവന്ന് പ്രതിയെ എഐകെഎംസിസി പ്രവർത്തകർ കേരള പോലീസിന് കൈമാറി. തുടർ അന്വേഷണങ്ങൾക്കായി അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് നാട്ടിലേക്ക് കൊണ്ടുപോയി.