ബെംഗളൂരു ക്രിസ്‌തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.റാം മുഖ്യാതിഥിയായി. വര്ഷങ്ങളോളം കോളേജായി പ്രവർത്തിച്ചശേഷം ഈ വർഷമാണ് ഡീംഡ് സർവകലാശാലയായി പ്രവർത്തനം ആരംഭിച്ചത്. സിഎംഐ സഭയുടെ കോട്ടയം സെയ്ൻ്റ് ജോസഫ് പ്രോവിൻസിൻ്റെ കീഴിലുള്ള യൂണിവേഴ്‌സിറ്റിയാണ്.

കേന്ദ്ര ഉന്നത വിദ്യാഭ്യാസവകുപ്പ് ജോയിന്റ് സെക്രട്ടറി ആംസ്ട്രോങ് പാമേ, സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ ജോസഫ് കൂട്ടോ എന്നിവർ സന്നിഹിതരായി.
സിഎംഐ സഭയുടെ പ്രയർ ജനറൽ ഫാ.ഡോ. തോമസ് ചാത്തൻപറമ്പിൽ അധ്യക്ഷനായി. ചാൻസലറും സിഎംഐ കോട്ടയം പ്രവിശ്യയുടെ പ്രൊവിൻഷ്യാളുമായ ഫാ. ഡോ. എബ്രഹാം വെട്ടിയങ്കൽ, വൈസ് ചാൻസലർ ഫാ. ഡോ. അഗസ്റ്റിൻ ജോർജ്, പ്രൊ വൈസ് ചാൻസിലർ ഫാ.ഡോ. ലിജോ പി.തോമസ്, ചീഫ് ഫിനാൻസ് ഓഫീസർ ഫാ.ഡോ. ജെയ്സ് വി.തോമസ്, യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ.അലോഷ്യസ് എഡ്വേർഡ് എന്നിവർ സംസാരിച്ചു.

കോളേജിൻ്റെ ചരിത്രം ഉൾക്കൊള്ളിച്ച് രചിച്ച ‘ലൂമിനസൻസ്: ദ സിൽവർ ജേർണി ഓഫ് ക്രിസ്‌തുജയന്തി യൂണിവേഴ്‌സിറ്റി’ എന്ന പുസ്‌തകത്തിൻ്റെ പ്രകാശനവും നടന്നു. ക്രിസ്‌തുജയന്തി ഡാൻസ് അക്കാദമിയും ക്രിസ്തുജയന്തി മ്യൂസിക് അക്കാദമിയും ചേർന്നൊരുക്കിയ കലാവിരുന്ന് അരങ്ങേറി.

Related Posts