ബിന്ദു സജീവിൻ്റെ കവിതാസമാഹാരം ‘ഇരപഠിത്തം’ കവി പി.എൻ.ഗോപീകൃഷ്ണൻ കവി സോമൻ കടലൂരിന് നൽകി പ്രകാശനം ചെയ്തു.
വ്യക്തിപരമായത് രാഷ്ട്രീയമാണെന്ന തിരിച്ചറിവിനൊപ്പം രാഷ്ട്രീയമായത് വ്യക്തിപരമാണെന്ന തിരിച്ചറിവും ബിന്ദുവിൻ്റെ കവിതകളിൽ കാണാമെന്ന് ഗോപീകൃഷ്ണൻ പറഞ്ഞു. സ്ത്രീകവിതകളിൽ താരതമ്യേന കുറവായ പൊതുസ്ഥലം ബിന്ദുവിൻ്റെ കവിതകളിൽ ധാരാളമായുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമയത്തിനൊപ്പമല്ല നിമിഷത്തിനൊപ്പം സഞ്ചരിക്കുകയും മനുഷ്യാവസ്ഥകളെ ചരിത്രവത്കരിക്കുകയും ഉൾത്തിളക്കത്തോടെ ആവിഷ്കരിക്കുകയും ചെയ്യുന്ന രീതി ബിന്ദുവിൻ്റെ കവിതകൾക്ക് സാമൂഹികപ്രസക്തി നൽകുന്നതായി സോമൻ കടലൂർ പറഞ്ഞു.
എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കവി ടി.പി. വിനോദ് പുസ്തകപരിചയം നടത്തി. കവി എൻ.ബി.സുരേഷ്, ഇന്ദിരാ ബാലൻ, വിഷ്ണുമംഗലം കുമാർ, ടി.എം. ശ്രീധരൻ, സതീഷ് തോട്ടശ്ശേരി, കെ.ആർ.കിഷോർ, ശാന്തകുമാർ, രഞ്ജിത്ത്, ഒ.വിശ്വനാഥൻ, കെ.ഗീത, പി.ബി.സജി എന്നിവർ സംസാരിച്ചു.