തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തോറ്റ സി.പി.എം. സ്ഥാനാർഥി ബി.ജെ.പി.യുടെ ആഹ്ളാദ പ്രകടനത്തിൽ പങ്കെടുത്തതിലും നൃത്തം ചെയ്തതിലും വിശദീകരണവുമായി അഞ്ജു സന്ദീപ്. മണ്ണാർക്കാട് നഗരസഭയിലെ നമ്പിയംപടി വാർഡിൽ മത്സരിച്ച് പരാജയപ്പെട്ട അഞ്ജു സന്ദീപ്, താൻ അടിയുറച്ച സഖാവാണെന്നും വിജയിച്ച സ്ഥാനാർഥിയുമായുള്ള സൗഹൃദത്തിൻ്റെ പേരിലാണ് പങ്കെടുത്തതെന്നും വ്യക്തമാക്കി.
“ഞാൻ അടിയുറച്ച സഖാവാണ്. എൻ്റെ പാർട്ടിയെ ഉപേക്ഷിച്ചോ തള്ളി പറഞ്ഞോ അല്ല ഞാൻ അവിടെ പോയത്.” ഒരു വർഷമായി തിരുവാതിരക്കളിയും കൈകൊട്ടികളിയും പരിശീലിക്കുന്നവരാണ് താനും സ്നേഹയുമെല്ലാം. അടുപ്പത്തിൻ്റെ പുറത്താണ് നൃത്തം ചെയ്തത്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലർ, തന്നെ ബി.ജെ.പിക്കാരിയാക്കാൻ ശ്രമിക്കുന്നു. താൻ സഖാവായാണ് പോയതും സഖാവായാണ് തിരിച്ചുവന്നതും എന്നും അഞ്ജു സന്ദീപ് പറഞ്ഞു.