വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക വിദ്യയില്‍ വന്ദേഭാരത് എക്‌സ്പ്രസിനും സൗകര്യങ്ങളില്‍ രാജധാനിക്കും വേഗതയില്‍ തേജസ് എക്‌സ്പ്രസിനും സമാനമായിരിക്കും. നിലവില്‍ സര്‍വീസുകൾ നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളിൽ കിടന്നുള്ള യാത്രയ്ക്ക് സൗകര്യമില്ല. അതുകൊണ്ടുതന്നെ ദീര്‍ഘദൂര യാത്ര സാധ്യമല്ല. കിടന്നുള്ള യാത്രയ്ക്കും രാത്രി യാത്രയും ലക്ഷ്യമിട്ടാണ് സ്ലീപ്പര്‍ വരുന്നത്. ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്കായിരിക്കും ഈ മാസം സര്‍വീസ് ആരംഭിക്കുക.

വന്ദേഭാരത് സ്ലീപ്പര്‍ യാത്ര ഉദ്‌ഘാടന തീയ്യതി സംബന്ധിച്ച് റെയില്‍വെയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. പ്രധാനമന്ത്രിയുടെ സമയം കൂടി പരിശോധിച്ച ശേഷം ഫ്‌ളാഗ് ഓഫ് തിയ്യതി തീരുമാനിക്കും. പരീക്ഷണഓട്ടം നടത്തിയ ശേഷമായിരിക്കും സ്ഥിരം സര്‍വീസ് ഉണ്ടാവുക. സിസിടിവി ക്യാമറകൾ, ആകര്‍ഷകമായ അകത്തളങ്ങൾ, ഓട്ടോമാറ്റിക് വാതിലുകള്‍ എന്നിവയെല്ലാം വന്ദേഭാരത് സ്ലീപ്പറില്‍ ഉണ്ടാകും. 16 കോച്ചുകളാണ് ഈ ട്രെയിനില്‍ ഉണ്ടാകുക. 827 ബെര്‍ത്തുകള്‍ ഉണ്ടായിരിക്കും. 611 തേഡ് എസി, 188 സെക്കന്റ് എസി, 24 ഫസ്റ്റ് എസി സൗകര്യമുണ്ടാകും.

നിലവില്‍ 16 കോച്ചുള്ള ട്രെയിന്‍ ആയിരിക്കും സര്‍വീസ് നടത്തുക എങ്കിലും പിന്നീട് 24 കോച്ചുകളാക്കി ഉയര്‍ത്താന്‍ സാധിക്കുന്ന വിധത്തിലാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്‌. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സര്‍വീസ്. ബിഹാറിലേക്ക് അടുത്ത കാലത്തായി നിരവധി വന്ദേഭാരത് എക്‌സ്പ്രസുകള്‍ റെയില്‍വെ അനുവദിച്ചിരുന്നു. അതിന് പുറമെയാണ് സ്ലീപ്പര്‍ കൂടി വരുന്നത്. ബെംഗളൂരു ,ചെന്നൈ, കൊല്‍ക്കത്ത, ലഖ്‌നൗ, സിക്കന്തരാബാദ് തുടങ്ങിയ റൂട്ടുകളിലെല്ലാം ആദ്യഘട്ടത്തില്‍ തന്നെ വന്ദേഭാരത് സ്ലീപ്പര്‍ ലഭിക്കുമെന്നാണ് വിവരം. കേരളത്തിലേക്കും ഒരു സ്ലീപ്പര്‍ ലഭിക്കുമെന്ന് നേരത്തെ അധികാരികൾ പറഞ്ഞിരുന്നു. ആദ്യഘട്ടത്തിലുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Related Posts