എല്ലാ വർഷവും സെപ്റ്റംബർ 13ന് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കാൻ കർണാടക സർക്കാർ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വനിതാ ജീവനക്കാരുടെ സംഘടനയുടെ വനിതാ സമ്മേളനത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. സെപ്റ്റംബർ 13 സർക്കാർ അവധിയായി പ്രഖ്യാപിക്കണമെന്ന അസോസിയേഷൻ്റെ ആവശ്യം അദ്ദേഹം നിരസിച്ചു

“സെപ്റ്റംബർ 13 വനിതാ ജീവനക്കാരുടെ ദിനമായി ഞങ്ങൾ പ്രഖ്യാപിക്കും. സ്ത്രീകൾ ചില അഭ്യർത്ഥനകൾ മുന്നോട്ട് വയ്ക്കുമ്പോൾ ഇല്ല എന്ന് പറയാൻ പ്രയാസമാണ്, പക്ഷേ നമുക്ക് ഇതിനകം തന്നെ ആവശ്യത്തിന് സർക്കാർ അവധി ദിനങ്ങൾ ഉള്ളതിനാൽ ഒരു അവധി ദിനം പരിഗണിക്കുന്നത് അസാധ്യമാണ്.” – മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടുപോകുന്നതിന് വനിതാജീവനക്കാർ ഗണ്യമായ സംഭാവന ചെയ്യുന്നുണ്ടെന്ന കാര്യം പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ – സ്വകാര്യ ജീവനക്കാരികൾക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഓഫീസ് പണിയുന്നതിനായി സ്ഥലം ആവശ്യപ്പെട്ട അസോസിയേഷൻ്റെ അപേക്ഷയിൽ, ബാലഭവനിൽ സ്ഥല ലഭ്യത പരിശോധിക്കാൻ സിദ്ധരാമയ്യ വനിതാ-ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനോട് നിർദ്ദേശിച്ചു.

അടുത്ത വർഷം പാലസ് ഗ്രൗണ്ടിൽ സംസ്ഥാനതല വനിതാ കൺവെൻഷൻ സംഘടിപ്പിക്കാനും സർക്കാരിൻ്റെ സാമ്പത്തിക സഹായം ഉണ്ടവുമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സമ്മേളനത്തിൽ പറഞ്ഞു.

Related Posts