വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നാട്ടിലേക്ക് പോകുന്നതിന് കർണാടകത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന മലയാളികളായ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് കർണാടക സർക്കാർ നിർദ്ദേശിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ ഓഫീസിൽ നിന്നാണ് ഉത്തരവിറങ്ങയത്. മൂന്നു ദിവസം അവധി നൽകണമെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ ഓഫീസിൽനിന്നും ഇറക്കിയ കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഡിസംബർ ഒൻപതിനും 11-നുമാണ് കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പ് സമയത്തും ഇതുപോലെ നിർദേശം നൽകിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐടി കമ്പനികൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കരാറുകാർ, കെട്ടിട നിർമാതാക്കൾ, കടയുടമകൾ എന്നിവക്കാണ് ഇങ്ങനെയൊരു നിർദേശം നൽകിയിരിക്കുന്നത്. കർണാടകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.