നാവികസേനാ ദിനാഘോഷം ഇന്നു ശംഖുംമുഖത്ത് നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ആണ് മുഖ്യാതിഥി. 9,000 പേർക്ക് പാസ് മുഖേന പ്രവേശനമുണ്ടാവും. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം 40ലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32പോർവിമാനങ്ങളും പങ്കെടുക്കും. യുദ്ധവിമാനങ്ങളിൽ നിന്നുള്ള പ്രതിരോധവും വെടിവയ്പും നാവികാഭ്യാസത്തിലുണ്ടാകും. കൊച്ചിയിൽ നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്തും എത്തിയിട്ടുണ്ട്. അന്തർവാഹിനികൾ, മിഗ് 29 യുദ്ധവിമാനങ്ങൾ എന്നിവയുടെ അഭ്യാസങ്ങളുമുണ്ടാകും. കടലിൽ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്ന രീതികളും പരിചയപ്പെടുത്തും.
തീരമേഖലയിൽ ഒരു ലക്ഷത്തോളം പേർക്ക് അഭ്യാസ പ്രകടനം കാണാം. രാഷ്ട്രപതി വൈകുന്നേരം 4. 10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 4.30ന് ഗാർഡ് ഒഫ് ഓണർ പരിശോധിച്ച ശേഷം ശംഖുംമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തും. തുടർന്ന് അഭ്യാസ പ്രകടനങ്ങൾ അരങ്ങേറും. 6.57 ന് രാഷ്ട്രപതി വേദിയിൽ നിന്ന് ലോക്ഭവനിലേക്ക് തിരിക്കും വിമാനസർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ 9.45ന് രാഷ്ട്രപതി തിരിച്ചു ഡൽഹിക്ക് പോകും.