ട്രാൻസ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ “രക്ഷിതാക്കൾ’ (Parents) എന്നു രേഖപ്പെടുത്താൻ ഹൈക്കോടതി അനുമതി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് അച്‌ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാൻ ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാൻസ്‌ജെൻഡർ ദമ്പതികൾ സഹദിൻ്റെയും സിയാ പവലിൻ്റെയും ഹർജിയിലാണ് കോടതിയുടെ നിർദേശം.

ഇവർക്ക് കുഞ്ഞു ജനിക്കുന്നത് 2023 ഫെബ്രുവരിയിലാണ്. രാജ്യത്തെ ആദ്യ ട്രാൻജെൻഡർ രക്ഷിതാക്കളായി മാറുന്നതും. ഇപ്പോഴുള്ള അച്ഛനും അമ്മയും എന്നതിനു പകരം ജനന സർട്ടിഫിക്കറ്റിൽ രക്ഷിതാക്കൾ എന്നു മാറ്റി പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് കോടതിയുടെ നിർദേശം. 1999ലെ കേരള റജിസ്ട്രേഷൻ ഓഫ് ബെർത്ത് ആൻഡ് ഡെത്ത് റൂൾസിലെ 12-ാം വകുപ്പ് അനുസരിച്ചാണ് കോഴിക്കോട് കോർപറേഷൻ കുഞ്ഞിൻ്റെ മാതാപിതാക്കളായി ഇരുവരുടെയും പേര് നൽകിയത്.

ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നത് മാതാവിൻ്റെ സ്‌ഥാനത്ത് സഹദിൻ്റെയും, പിതാവിൻ്റെ സ്‌ഥാനത്ത് സിയാ പവലിൻ്റെയും പേരാണ്. എന്നാൽ കുഞ്ഞിൻ്റെ അമ്മ വർഷങ്ങൾക്കു മുൻപ് തന്നെ പുരുഷനായും അച്‌ഛൻ സ്ത്രീയായും മാറുകയും പുതിയ വ്യക്തിത്വത്തിൽ ജീവിക്കുകയുമായിരുന്നു. ജനന സർട്ടിഫിക്കറ്റിലാകട്ടെ ഇതിനെ വിരുദ്ധമായും.

ഭാവിയിൽ കുഞ്ഞ് ഈ സാഹചര്യത്തിൽ പല ആശയക്കുഴപ്പങ്ങളും നേരിടേണ്ടി വന്നേക്കാമെന്നു തിരിച്ചറിഞ്ഞതോടെ ഇവർ കോർപറേഷനെ സമീപിച്ച് പേരുകൾ മാറ്റാൻ അപേക്ഷിച്ചു. എന്നാൽ കോർപറേഷൻ ഇത് അനുവദിക്കാതെ ഇരുവരെയും മാതാപിതാക്കളായി രേഖപ്പെടുത്തി ജനന സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഇതോടെയാണ് ഹർജിയുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

Related Posts