കർണാടകത്തിലെ കോളേജ് കാംപസുകളിൽ വിദ്യാർഥിരാഷ്ട്രീയത്തിന് വീണ്ടും അനുമതിനൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഭരണഘടനാദിനപരിപാടിയിലാണ് ശിവകുമാറിൻ്റെ പ്രഖ്യാപനം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ തുടർന്നാണ് കാമ്പസുകളിൽ വീണ്ടും കോളേജ് യൂണിയനുകൾ രൂപവത്കരിക്കാനും തിരഞ്ഞെടുപ്പ് നടത്താനും ഒരുങ്ങുന്നത്.

1989 വരെ കാംപസുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ബെംഗളൂരുവിലെ കാംപസുകളിൽ വിദ്യാർഥിരാഷ്ട്രീയത്തിൻ്റെ പേരിൽ അക്രമങ്ങൾ വർധിച്ചതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ സാമൂഹികപ്രവർത്തനരംഗത്ത് എത്തിയതാണ് ശിവകുമാർ. കാംപസുകളിൽ വീണ്ടും രാഷ്ട്രീയം അനുവദിക്കുന്നത് സംബന്ധിച്ച പഠനം നടത്താൻ സമിതിയെ നിയമിക്കും.
കാംപസുകളിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്തണമെന്നത് സമിതി ശുപാർശചെയ്യും. ഇതിൻ്റെ അടിസ്ഥാനത്തിൽ അടുത്തഘട്ട നടപടിയെടുക്കും. കാംപസുകൾ നേതാക്കളെ സൃഷ്‌ടിക്കുകയും വളർത്തുകയും ചെയ്യും. – ശിവകുമാർ പറഞ്ഞു.

Related Posts