ഹോങ്കോംഗിലെ തായ്പോ ജില്ലയിൽ പാർപ്പിട്ട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 44 ആയി. 279പേരെ കാണാതായി. 700പേരെ രക്ഷപ്പെടുത്തി ഷെൽട്ടറുകളിലേക്ക് മാറ്റി. സംഭവത്തിൽ നിർമ്മാണ കമ്പനി എക്സിക്യൂട്ടീവുകളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് ഡയറക്ടർമാരും ഒരു കൺസൾട്ടൻ്റുമാണ് അറസ്റ്റിലായിരിക്കുന്നത്. തീ പെട്ടെന്ന് പടരാൻ കാരണമായേക്കാവുന്ന നിലവാരമില്ലാത്ത വസ്തുക്കൾ നിർമാണത്തിനായി ഉപയോഗിച്ചെന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. നവീകരണത്തിൻ്റെ ഭാഗമായി കെട്ടിടങ്ങൾക്കു പുറത്തു സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള തട്ടുകൾ അതിവേഗം തീ പടരാൻ ഇടയാക്കി.
നഗരത്തിൻ്റെ വടക്ക് തായ് പോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. 4600 പേരാണ് ഇവിടെ താമസിച്ചിരുന്നത്.