ബെംഗളൂരുവിൻ്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികളുമായി സർക്കാർ ഒരു ലക്ഷം കോടി രൂപ മുടക്കി പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നു. ടെക് സമ്മിറ്റിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസാരിക്കവെ ആണ് ഇക്കാര്യം അറിയിച്ചത്. അടിസ്ഥാന സൗകര്യം ഉണ്ടെങ്കിൽ മാത്രമേ വളർച്ചയുണ്ടാകുവെന്നും ഇത് തിരിച്ചറിഞ്ഞാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി വലിയ മുതൽമുടക്ക് നടത്താൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം നടക്കുന്ന ടെൻഡർ നടപടി പൂർത്തിയായാൽ ആദ്യഘട്ടത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കാനാകും. 2030-ൽ പാത പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ആകാശപാത,ഡബിൾ ഡെക്കർ മെട്രോ, ബഫർ റോഡുകൾ, സ്പൈഡെക്ക്, ബെംഗളൂരു വ്യവസായ ഇടനാഴി എന്നിവയാണ് മറ്റ് അടിസ്ഥാന വികസനപദ്ധതികൾ
നിക്ഷേപവും സാങ്കേതികവിദ്യയും സൂതനസംരംഭങ്ങളും എത്താൻ അടിസ്ഥാനം ശക്തിപ്പെടുത്തണം. അതുകൊണ്ടു വളരെ വേഗത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 40 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയ്ക്കായി 42.500 കോടി രൂപയാണ് ചെലവാക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇത് വലിയൊരളവിൽ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിൻ്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
റെയ്സ് കോഴ്സിൽനിന്ന് സിൽക്ക് ബോർഡ് വരെയും ഹെബ്ബാൾ മുതൽ റെയ്സ് കോഴ്സ് വരെയുമായി ആകെ 17 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കപാതയ്ക്കുള്ള ടെൻഡർ നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനായി 17,780 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ 40 കിലോ മീറ്റർ ഇരട്ടതുരങ്കപാത നിർമിക്കുമെന്നാണ് ശിവകുമാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.