സെൻട്രൽ ജയിലിൽ കൊടുംകുറ്റവാളികളായ തടവുകാർക്ക് കൂടുതൽ പരിഗണന ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെക്കുറിച്ചു ആഭ്യന്തരവകുപ്പ് റിപ്പോർട്ടുതേടി. പരപ്പന അഗ്രഹാര ജയിലിലെ സെല്ലിൽ കുറ്റവാളികൾ മൊബൈൽ ഉപയോഗിക്കുന്നതിൻ്റെയും പാചകം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നു. ജയിൽ എഡിജിപി ബി.ദയാനന്ദയിൽനിന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും ഇത് അനുവദിക്കാൻ സാധിക്കില്ലെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു.

ഒട്ടേറെ ബലാത്സംഗക്കേസുകളിൽ പ്രതിയും സീരിയൽ കില്ലറുമായ ഉമേഷ് റെഡ്ഡി ഫോണിൽ സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ വീഡിയോയിലുണ്ടായിരുന്നു. ഇയാളുടെ സെല്ലിൽ ടിവി കാണാനുള്ള സൗകര്യവുമുണ്ടെന്നും ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നു. ഐഎസ് ബന്ധമുള്ള രണ്ടുപ്രതികൾ ഫോണിൽ സംസാരിക്കുകയും ടിവി കാണുകയും ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിച്ചു. ആകെ ആറ് വീഡിയോകളാണ് പുറത്തുവന്നത്. മൂന്നുവീഡിയോകൾ 2023-ൽ ചിത്രീകരിച്ചതാണ്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ജയിലുകളിൽ നടക്കുന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പരമേശ്വര അറിയിച്ചു.

ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽക്കഴിയുന്ന നടൻ ദർശന് ജയിലിൽ പ്രത്യേകപരിഗണനയും സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ മുൻപ് പുറത്തുവന്നിരുന്നു. വളരെ മോശമായ സാഹചര്യത്തിലാണ് തന്നെ പാർപ്പിച്ചിരിക്കുന്നതെന്നാരോപിച്ച് ദർശൻ കോടതിയെ സമീപിച്ചുവെങ്കിലും അധികമായി കിടക്ക നൽകണമെന്ന ആവശ്യംപോലും അംഗീകരിച്ചിരുന്നില്ല.

Related Posts