കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ സദഹള്ളിയിൽ ദേശീയപാത അതോറിറ്റി (NHAI) 35 കോടി രൂപ ചെലവിൽ പുതിയ അടിപ്പാത നിർമ്മിക്കുന്നു. ബെല്ലാരി ദേശീയപാതയിലെ വിമാനത്താവള റോഡിലേക്കുള്ള പ്രധാന ജങ്ഷനിലാണ് 700 മീറ്റർ നീളവും ആറുവരി സൗകര്യവുമുള്ള അടിപ്പാത നിർമിക്കുക.
പദ്ധതി പൂർത്തിയാകുന്നതോടെ ഹെബ്ബാളിൽ നിന്ന് വിമാനത്താവളം വരെയുള്ള 22 കിലോമീറ്റർ ദൂരം സിഗ്നൽ രഹിത ഇടനാഴിയായി മാറും. ഇതിലൂടെ യാത്രാസമയം കുറയുകയും ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമാകുകയും ചെയ്യും.
നിർമാണ പ്രവർത്തനങ്ങൾക്ക് രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് അനുമതി നൽകിയിരിക്കുന്നത്. ഏകദേശം ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ മേൽപ്പാലം നിർമിക്കാനായിരുന്നു തീരുമാനം. എന്നാൽ സ്ഥലമേറ്റെടുപ്പിലെ സങ്കീർണതകൾ കാരണം പദ്ധതി പിന്നീട് അടിപ്പാതയായി മാറ്റുകയായിരുന്നു. നിർമാണം ആരംഭിക്കുന്നതോടെ പ്രദേശത്ത് ഘട്ടംഘട്ടമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.