ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടി. സരഗൂർ താലൂക്കിലെ വനപ്രദേശ ഗ്രാമങ്ങളിൽ ആഴ്ചകളായി തുടരുന്ന ഭയത്തിനും സംഘർഷത്തിനും ഇതോടെ വിരാമമായി.
ബന്ദിപ്പൂർ സരഗൂർ താലൂക്കിൽ രണ്ടാഴ്‌ചയ്ക്കിടെ കടുവകളുടെ ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ബന്ദിപ്പുർ, നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് കടുവയെ പിടികൂടിയത്. വനം വകുപ്പിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

കടുവയെ പിടികൂടിയെങ്കിലും സ്ഥലത്ത് നിരീക്ഷണം തുടരാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ മറ്റേതെങ്കിലും കടുവകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്താനും നിർദേശമുണ്ട്.
ഭക്ഷണം തേടി മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കടുവ ഇറങ്ങിയാതാവാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടികൂടിയ കടുവയ്ക്ക് ഏകദേശം 13 വയസ്സുണ്ടാകും. ദ്രുതകർമസേനയിലെ (ആർആർടി) അംഗങ്ങളും വനം ജീവനക്കാരും രാത്രി പട്രോളിങ് സജീവമാക്കിയിട്ടുണ്ട്.

Related Posts