നൊബേൽ സമ്മാന ജേതാവും ശാസ്ത്രജ്ഞനുമായ ജെയിംസ് വാട്സൺ (97) അന്തരിച്ചു. ഇന്നലെ ന്യൂയോർക്കിലെ ലോങ് ഐലൻഡിലെ ഹോസ്പീസിൽ വെച്ചാണ് മരണം. ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായി മാറിയ ഡിഎൻഎ ഘടന (ഡബിൾ ഹീലിക്സ്) ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് വാട്സൺ കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962ൽ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേൽ സമ്മാനമെത്തി.
1953ൽ ഫ്രാൻസിസ് ക്രിക്ക്, മൗറീസ് വിൽക്കിൻസ് എന്നിവരോടൊപ്പം വാട്സൺ നടത്തിയ കണ്ടെത്തൽ ഡിഎൻഎ എങ്ങനെയാണ് പാരമ്പര്യ വിവരങ്ങൾ സൂക്ഷിക്കുന്നതെന്നും കോശങ്ങൾ വിഭജിക്കുമ്പോൾ ഡിഎൻഎയെ എങ്ങനെ പകർത്തിയെടുക്കുന്നുവെന്നും വിശദീകരിച്ചു. ഈ കണ്ടെത്തൽ ആധുനിക ജനിതകശാസ്ത്രത്തിന് അടിത്തറയിടുന്നതായിരുന്നു. ജീനുകളിൽ മാറ്റം വരുത്തുക, അന്വേഷണങ്ങളിൽ ഡിഎൻഎ ഉപയോഗിക്കുക, മനുഷ്യരുടെ അവശിഷ്ടങ്ങൾ തിരിച്ചറിയുക, പൂർവികരെ കണ്ടെത്തുക തുടങ്ങിയ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് ഈ കണ്ടെത്തൽ വഴിതുറക്കുകയും ചെയ്തു.
അമേരിക്കൻ ജീവശാസ്ത്രജ്ഞനായ വാട്സൺ ഫ്രാൻസിസ് ക്രിക്ക്, മൗറീസ് വിൽക്കിൻസ് എന്നിവരുടെ കണ്ടെത്തലായ ഡിഎൻഎയുടെ ഘടന രണ്ട് ചരടുകൾ ഒരുമിച്ച് ചുറ്റിത്തിരിയുന്ന ഒരു വളഞ്ഞ ഗോവണി പോലെയാണെന്ന് കണ്ടെത്തി. ഈ കണ്ടെത്തൽ വഴി പാരമ്പര്യ വിവരങ്ങൾ എങ്ങനെയാണ് കൈമാറപ്പെടുന്നതെന്നും കോശങ്ങൾ വിഭജിക്കുമ്പോൾ ഡിഎൻഎ എങ്ങനെ പകർത്തിയെടുക്കപ്പെടുന്നുവെന്നും വ്യക്തമായി. ചരിത്രപരമായ ഈ കണ്ടെത്തൽ നടത്തുമ്പോൾ വാട്സണ് 24 വയസ്സായിരുന്നു പ്രായം.