നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന ബെംഗളൂരു-എറണാകുളം വന്ദേഭാരത് തീവണ്ടി ഇന്നലെ പരീക്ഷണയോട്ടം നടത്തി. ഇന്നലെ രാവിലെ പാലക്കാട് ജങ്‌ഷൻ റെയിൽ‌വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് തീവണ്ടിയെത്തിയത്. വന്ദേഭാരത് പരീക്ഷണയോട്ടം കാരണം ഇന്നലെ ചെന്നൈ എഗ്‌മോർ-മംഗളൂരു എക്സ്പ്രസ് 25 മിനിറ്റ് വൈകിയാണ് ഓടിയത്. 11.10-ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടവണ്ടി 11.35-നാണ് എത്തിയത്.

10.35-ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് 11.28-ന് വണ്ടി പാലക്കാട്ടെത്തി. രണ്ടുമിനിറ്റാണ് ഇവിടെ സ്റ്റോപ്പനുവദിച്ചിട്ടുള്ളത്. 11.30-ന് തൃശ്ശൂരിലേക്ക് പുറപ്പെട്ടു. എട്ട് കമ്പാർട്ടുമെൻ്റുകളാണുണ്ടായിരുന്നത്. രണ്ട് ലോക്കോ പൈലറ്റുമാർക്ക് പുറമേ നിരീക്ഷകരായി റെയിൽഗതാഗത വിഭാഗം എൻജിനിയർമാരും സാങ്കേതികവിഭാഗം ജീവനക്കാരും ഉണ്ടായിരുന്നു.

രാവിലെ 5.10-ന് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചതിരിഞ്ഞ് 1.50-ന് എറണാകുളത്തെത്തും. തിരിച്ച് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 4.35-ന് പാലക്കാട്ടും രാത്രി 11-ന് ബെംഗളൂരുവിലും എത്തും. ബുധനാഴ്‌ച സർവീസ് ഉണ്ടാവില്ല. പാലക്കാട്, തൃശ്ശൂർ, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് തീവണ്ടിക്ക് സ്റ്റോപ്പുള്ളത്.

Related Posts