കേരള ആർടിസി ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു പുതിയ എസി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു. 36 ബെർത്തുകളുള്ള ബസിൽ 1520 രൂപയാണു നിരക്ക്. നിലവിലുണ്ടായിരുന്ന സ്വിഫ്റ്റ് എസി സീറ്ററിനു പകരമാണു സ്ലീപ്പർ ബസെത്തിയത്. ബെംഗളുരു – എറണാകുളം റൂട്ടിൽ പ്രതിദിന സ്ലീപ്പറുകളുടെ എണ്ണം ഇതോടെ നാലായി. രാത്രി 9.30നു പീനിയ ബസവേശ്വര ടെർമിനലിൽ നിന്നു പുറപ്പെടുന്ന സ്ലീപ്പർ ബസ് സാറ്റലൈറ്റ് (രാത്രി 10.30), ശാന്തിനഗർ (രാത്രി 10.45), പാലക്കാട് (രാവിലെ 5.45), തൃശൂർ (രാവിലെ 7.40) വഴി രാവിലെ 9.40നു എറണാകുളത്തെത്തും.
വൈകിട്ട് എറണാകുളത്തുനിന്നു 6.30നു പുറപ്പെട്ട് തൃശൂർ (രാത്രി 9.05). പാലക്കാട് (രാത്രി 10.45) വഴി രാവിലെ 6.15നു ബെംഗളുരു പീനിയയിലെത്തും. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു രാത്രി 8.05, 8.30, 9.05 സമയങ്ങളിലാണ് സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പർ സർവീസുകൾ പുറപ്പെടുന്നത്. ഇതേ സമയത്തു തന്നെ എറണാകുളത്ത് നിന്നു ബെംഗളൂരുവിലേക്കുള്ള ബസുകളും പുറപ്പെടും.