ബാംഗ്ലൂർ ധർമ്മാരാം സെൻറ് തോമസ് പള്ളിയിലെ സെൻറ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ.ഡി കാർഡ് – നോർക്ക കെയർ ഇന്‍ഷുറന്‍സ് കാർഡുകൾക്കുള്ള 200ഓളം അപേക്ഷകൾ സെൻറ് ക്രിസ്റ്റഫർ ഭാരവാഹികളായ പ്രസിഡണ്ട് മാർട്ടിൻ പി സി, സെക്രട്ടറി ഡിക്‌സൺ എ ജെ, ജോയൻറ് സെക്രട്ടറി ലോറൻസ് വി കെ എന്നിവർ ബംഗളൂരു നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി. നോർക്ക കെയർ പദ്ധതിൽ അംഗത്വം എടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നോർക്ക ഐഡി കാർഡിനുള്ള അപേക്ഷകൾ സമർപ്പിച്ചത്.

പ്രവാസി കേരളീയർക്കായി കേരള സർക്കാർ നോർക്ക വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ അംഗമാകുന്നതിന് നോർക്ക ഐ ഡി കാർഡ് അനിവാര്യമാണ്. ഭാര്യ ഭര്‍ത്താവ് 25 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ അടങ്ങിയ ഒരു കുടുംബത്തിന് 13,411രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ ആനുപാതികമായി അധിക തുക അടച്ചു അംഗമാക്കാം. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16,000ത്തോളം ആശുപത്രികള്‍ വഴി ക്യാഷ് ലെസ് ചികിത്സയും നോര്‍ക്ക കെയര്‍ ലഭ്യമാക്കുന്നു. പദ്ധതിയില്‍ 2025 നവംബർ 30 വരെയാണ് അംഗമാകാന്‍ കഴിയുക. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. നോർക്ക ഐ.ഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാവുന്നതാണ്.

Related Posts