ബാംഗ്ലൂർ ചർച്ച് സ്ട്രീറ്റിലുള്ള സമാഗഥ സ്പെയ്സിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപ്പിച്ച ‘ഡയറക്ടറോടൊപ്പം’ പരിപാടി ഹൃദ്യമായി. ഇതരസംസ്ഥാനത്ത് വളരുന്ന മലയാളി കുരുന്നുകൾ മാതൃഭാഷ പഠിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട വിശദീകരിച്ചു. അധ്യാപകരുടെ സംശയങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി.
സ്വന്തംനാടിനെയും അതിൻ്റെ നേട്ടങ്ങളെയും കുറിച്ചു അഭിമാനത്തോടെ പറയാൻ മറുനാടൻ മലയാളികൾ മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി മലയാളികളുടെ ചില രീതികളെ അദ്ദേഹം വിമർശിച്ചു. അന്യസംസ്ഥാനങ്ങളിൽ കുറച്ചുനാൾ താമസിച്ചു കഴിയുമ്പോൾ കേരളത്തെ കുറിച്ചു മോശമായി സംസാരിക്കുന്ന പ്രവണത അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്താം ക്ലാസ് തുല്യതയുള്ള നീലക്കുറിഞ്ഞി കോഴ്സ് വരെ കുട്ടികൾ പഠിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് എങ്ങനെ മാതാപിതാക്കളെ ബോധ്യപ്പെടുത്താമെന്നായിരുന്നു ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാലിൻ്റെ ചോദ്യം. കുട്ടികളുടെ സർഗശേഷി പുറത്തുവരുന്നത് മാതൃഭാഷയിലൂടെയാണെന്ന് ഡയറക്ടർ വിശദീകരിച്ചു. സർഗരചന നടത്താൻ ഏറ്റവും സാധിക്കുന്നത് സ്വന്തംഭാഷയിലൂടെയാണ്. നീലക്കുറിഞ്ഞി പഠനം പൂർത്തിയാക്കിയ കുട്ടികളെ മലയാളം മിഷൻ പ്രവർത്തനത്തിൻ്റെ ഭാഗമായി മാറ്റണമെന്ന നിർദേശവും ഉയർന്നു. ഇവർക്ക് മലയാളം മിഷനിൽ അധ്യാപകരായി പ്രവർത്തിക്കാൻ അവസരം നൽകണം. മറുനാട്ടിൽ മലയാളം പഠിച്ചു പത്താം ക്ലാസ് തുല്യത നേടുന്നത് വലിയ നേട്ടമാണെന്നും, നേട്ടം കൈവരിച്ച കുട്ടികളെ മലയാളി സംഘടനകൾ ആദരിക്കണമെന്നും ഡയറക്ടർ ആവശ്യപ്പെട്ടു. അനുഷ്ഠാനകലകൾപോലെ സാംസ്കാരിക അടയാളങ്ങളായ കലാരൂപങ്ങൾ നേരിട്ടു കാണുന്നതിന് വിദ്യാർഥികൾക്ക് അവസരം ഒരുക്കണമെന്ന ആവശ്യം ഉയർന്നു.
മേഖലാ കോഡിനേറ്റർമാരെ ചടങ്ങിൽ ആദരിച്ചു. നീലക്കുറിഞ്ഞി വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഒരു വർഷം പൂർത്തിയാക്കിയ അധ്യാപകർക്കുള്ള കാർഡുകളും നൽകി. മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു. കൺവീനർ ടോമി ആലുങ്കൽ, അക്കാദമിക് കോഡിനേറ്റർ മീരാനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. മലയാളം മിഷൻ വിദ്യാർഥി ഭഗത് റാം രഞ്ജിത്ത് കവിത ആലാപിച്ചു.

