ഹാവേരി ജില്ലയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പരമ്പരാഗത ‘കൊബ്ബാരി ഹോരി ഹബ്ബ’യിൽ കാളകളുടെ കുത്തേറ്റ് കാണികളായ മൂന്നുപേർ മരിച്ചു. മുന്നിടങ്ങളിലായാണ് സംഭവം നടന്നത്. ഹാവേരിയിലെ ദനേശ്വരി നഗറിലെ ചന്ദ്രശേഖർ കോടിഹള്ളി (70), ഹനഗൽ താലൂക്കിലെ തിലാവള്ളിയിലെ ഭരത് ഹിംഗമേരി (24), ഹവേരി താലൂക്കിലെ ദേവീഹോസൂർ ഗ്രാമത്തിലെ ഗാനിസാബ് ബങ്കാപൂർ (75) എന്നിവരാണ് മരിച്ചത്.
ജെല്ലിക്കെട്ടിൻ്റെ മറ്റൊരു രൂപമായ ഹോരി ഹബ്ബ ഹട്ടി ഹബ്ബ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൊബ്ബാരി ഹോരി മത്സരം പ്രധാന ഗ്രാമീണ കായികവിനോദമാണ്. ദീപാവലി ഉത്സവ ഭാഗമായി കർണാടകയിലെ ശിവമൊഗ്ഗ, ഹാവേരി, ഉത്തര കന്നട ജില്ലകളിലാണ് ഈ കായിക വിനോദം പ്രധാനമായി നടക്കുന്നത് അലങ്കരിച്ചതും പരിശീലനം ലഭിച്ചതുമായ കാളകളെ വലിയ ജനക്കൂട്ടത്തിനിടയിലൂടെ നടത്തിക്കുന്നു. കാളകളെ കീഴടക്കുന്നവർക്ക് സമ്മാനം കിട്ടും.
ചന്ദ്രശേഖർ ഹാവേരിയിലെ പി.ബി.റോഡിലൂടെ നടക്കുമ്പോൾ വീരഭദ്രേശ്വർ ക്ഷേത്രത്തിനു സമീപം മത്സരത്തിൽ പങ്കെടുത്ത ഒരു കാള റോഡിലേക്ക് ഓടിക്കയറി കുത്തുകയായിരുന്നു. നാട്ടുകാർ ഹാവേരി ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. അദുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിലവള്ളി ഗ്രാമത്തിലാണ് മറ്റൊരു മരണം. കാഴ്ചക്കാരിലേക്ക് ഓടിക്കയറിയ കാളയുടെ ആക്രമണത്തിൽ തലക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റ ഭരത് നിലത്തു വീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഹാവേരി റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവിഹൊസൂർ ഗ്രാമത്തിൽ നടന്ന മറ്റൊരു സംഭവത്തിൽ ഘോഷയാത്രയിൽ പങ്കെടുത്ത കാള പരിഭ്രാന്തിയോടെ ഗ്രാമത്തിലെ വീടിനടുത്തുള്ള പാറ്റ്ഫോമിൽ ഇരിക്കുകയായിരുന്ന ഗാനിസാബിനെ ആക്രമിക്കുകയായിരുന്നു. കാളയുടെ കൊമ്പ് കഴുത്തിലും നെഞ്ചിലും തുളച്ചു. ഹാവേരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. പരിപാടി നടത്താൻ സംഘാടകർ അനുമതി വാങ്ങിയിട്ടില്ലെന്നും അതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ഹാവേരി പൊലീസ് സുപ്രണ്ട് യശോദ വന്തഗോഡി പറഞ്ഞു.