കള്ളനോട്ട് തട്ടിപ്പ് സംഘത്തിൽപ്പെട്ട മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരും തമിഴ്‌നാട്ടുകാരാണ്. തിരുനെൽവേലി സ്വദേശികളായ രാജേശ്വരൻ (43), മിറാൻ മൊഹിയുദ്ദീൻ (40), ഷെയ്ഖ് മുഹമ്മദ് (40), എന്നിവരെയാണ് ബെംഗളൂരു ജയനഗർ പോലീസ് അറസ്റ്റുചെയ്തത്.
പണം മൂന്നുമടങ്ങായി തിരിച്ചുനൽകാമെന്നു വാഗ്‌ദാനം ചെയ്‌താണ് ഇവർ ആളുകളെ തട്ടിപ്പിനിരയാക്കിവന്നിരുന്നത്. യഥാർഥ നോട്ടാണെന്ന് തോന്നിക്കുന്ന കള്ളനോട്ട് നൽകി ഇടപാടുകാരുടെ ഇവർ വിശ്വാസം നേടി. പോലീസ് ഇടപാടുകാരായി സമീപിച്ചാണ് ഇവരെ പിടികൂടിയത്. പത്തുലക്ഷം രൂപയ്ക്ക് 30 ലക്ഷം രൂപയുടെ കള്ളനോട്ട് കൈമാറാമെന്നായിരുന്നു വാഗ്‌ദാനം. കെട്ടുകളുടെ താഴെയും മുകളിലും മാത്രം യഥാർത്ഥ നോട്ടുകൾവെച്ച് ഉള്ളിൽ കടലാസ് കഷണങ്ങൾ തിരുകിയതായിരുന്നെന്ന് പോലീസ് പറഞ്ഞു.