കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതംചെയ്ത് ആഭ്യന്തരമന്ത്രി ജി. പരമേശ്വര. മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ പോര് കടുത്ത സാഹചര്യത്തിലാണ് ഖാർഗെ തിരിച്ചുവരണമെന്ന ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഡി കെ അനുകൂലികൾ വാദിക്കുന്നത്. എന്നാൽ, താൻ അഞ്ചുവർഷവും മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ഇരുപക്ഷവും തമ്മിലുള്ള പോര് കടുത്താൽ മൂന്നാമതൊരാളെ മുഖ്യമന്ത്രിസ്ഥാനത്ത് കൊണ്ടുവരാനും സാധ്യതയുണ്ട്. കർണാടകത്തിൽ അധികാരമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെയാണ് ജി. പരമേശ്വര, ഖാർഗെയെ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെ സംസ്ഥാനരാഷ്ട്രീയത്തിൽ വരികയാണെങ്കിൽ പാർട്ടിയിലെ ഭിന്നത ഒഴിവാക്കാനാകുമെന്ന സന്ദേശം പാർട്ടി ദേശീയനേതൃത്വത്തിന് നൽകാനാണ് പരമേശ്വരയെപ്പോലെയുള്ളവർ ശ്രമിക്കുന്നത്.