രാജസ്ഥാനിലെ ജെയ്സല്മീറില് നിന്ന് ജോദ്ധ്പുരിലേയ്ക്ക് പോവുകയായിരുന്ന ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. കുട്ടികളും സ്ത്രീകളുമടക്കം 15 ഓളം പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ജെയ്സാല്‍മീറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തായെട്ട് ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. ജെയ്സാല്‍മീറില്‍ നിന്ന് മൂന്ന് മണിയോടെയാണ് 57 യാത്രക്കാരുമായി ബസ് പുറപ്പെട്ടത്.
രാജസ്ഥാനിലെ തായെട്ട് ഗ്രാമം പിന്നിടുന്നതിനിടെയാണ് ബസിൻ്റെ പിന്‍ഭാഗത്ത് നിന്നാണ് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ ബസ്സിനുള്ളിലേക്ക് തീപടര്‍ന്നു. ഇതോടെ രക്ഷപ്പെടാനായി യാത്രക്കാരില്‍ പലരും ജനലും വാതിലുമുള്ള വശങ്ങളിലേക്ക് പാഞ്ഞു. തീ ഉയരുന്നത് കണ്ട് പ്രദേശവാസികളും ഗ്രാമവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. വെള്ളവും മണ്ണും കൊണ്ട് തീകെടുത്താന്‍ ശ്രമിച്ച ഇവര്‍ ബസില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടങ്ങി.
സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായി. സമീപത്തുള്ള സൈനികത്താവളത്തിലെ സൈനികരും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി. പരിക്കേറ്റവരെ മൂന്ന് ആംബുലന്‍സുകളിലായി ജെയ്സാല്‍മീറിലുള്ള ജവഹര്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്കിയ ഡോക്ടര്‍മാര്‍ ഗുരുതരമായി പരിക്കേറ്റവരെ ജോദ്ധ്പുരിലേക്ക് തുടര്‍ചികിത്സയ്ക്കായി മാറ്റി. ബസ് തീപ്പിടിക്കാനുണ്ടായ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.