ക്ഷേത്ര ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ്മാരായ സതീഷ് ചന്ദ്ര ശർമ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

ആന എഴുന്നള്ളിപ്പ് ഉത്സവങ്ങളിൽ പൂർണമായും തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗമാണെന്നും രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിൽ ഉത്തരവിട്ട ഹൈക്കോടതി ജഡ്ജി പി ഗോപിനാഥിനെതിരെയാണ് വിശ്വ ഗജസേവാ സമിതി സുപ്രീം കോടതിയെ സമീപിച്ചത്. മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’യുടെ അഭിഭാഷകനായിരുന്നു ജഡ്ജി എന്നാണ് ഹർജിക്കാർ ഉന്നയിച്ചത്.

വിശ്വ ഗജസേവാ സമിതിക്ക് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകനായ വികാസ് സിങ് ആണ്. അതേസമയം കേസിലെ നടപടികൾ നിർത്തിവെക്കൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

Related Posts