പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. സിപിഎം – യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതകപ്രയോഗവും ലാത്തിച്ചാർജും നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്.
ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. ലാത്തിച്ചാർജിനിടയിൽ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. ഡോക്ടർമാർ ഷാഫി പറമ്പിലിന് പൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടർചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും.