നഗരത്തിൽ ആധുനിക ട്രാം സംവിധാനം നിർദേശിച്ച് എംപി തേജസ്വി സൂര്യ. യാത്ര പ്രശ്നമങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നിർദേശം. പദ്ധതിയുടെ സാധ്യത പഠനം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നും ഗതാഗതക്കുരുക്കിന് പരിഹാരമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊബിലിറ്റി സിമ്പോസിയം – 2025-ൽ സംസാരിക്കുകയായിരുന്നു എംപി തേജസ്വി സൂര്യ.
കാറുകൾക്ക് പകരം ട്രാമുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഗതാഗതക്കുരുക്ക് ലഘുകരിക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഈ സംവിധാനത്തിന് സാധിക്കും.
വായു മലിനീകരണം വലിയ ആശങ്കയായി മാറിക്കൊണ്ടിരിക്കുന്ന ബെംഗളുരുവിൽ ട്രാമുകൾ ഒരു പരിസ്ഥിതി സൗഹൃദ ഓപ്ഷൻ കൂടിയാണ്. വൈദ്യുതിയിലാണ് ഇത് പ്രവർത്തിക്കുക. ആയതിനാൽ ഇവയ്ക്ക്ക് പുകയില്ല. നഗരത്തിലെ കാർബൺ മലിനീകരണം കുറയ്ക്കാൻ ഇത് സഹായിക്കും. ബെംഗളൂരുവിൻ്റെ സുസ്ഥിര ഗതാഗത ആവശ്യങ്ങളുമായി ഏറെ യോജിച്ച സംവിധാനം തന്നെയാണ് ട്രാം.
മറ്റ് വിദേശ നഗരങ്ങളിലേതുപോലെ ബെംഗളുരുവിലും ട്രാം സർവീസ് ആരംഭിക്കാൻ കുറച്ചുകാലം മുമ്പ് കേന്ദ്രത്തിന് ഒരു നിർദ്ദേശം സമർപ്പിച്ചിരുന്നു. ഗതാഗതക്കുരുക്ക് പതിവായ സ്ഥലങ്ങളിലായിരിക്കും ഈ പഠനം നടത്തുക. അനുമതി ലഭിക്കുകയാണെങ്കിൽ കേന്ദ്രം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.