ശ്രീകൃഷ്ണപുരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി വൈഷ്‌ണവി(26)യുടെ മരണത്തിൽ ഭർത്താവ് ദീക്ഷിതിനെ പോലീസ് അറസ്റ്റു ചെയ്തു. ഭർത്താവ് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിൻ്റെ നിഗമനം.
പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍വീട്ടില്‍ ഉണ്ണിക്കൃഷ്ണൻ്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി. 2024 മേയ് 19-നാണ് ദീക്ഷിതിന്റെയും വൈഷ്ണവിയുടെയും വിവാഹം കഴിഞ്ഞത്. ഇന്നലെ പുലർച്ചെയാണ് വൈഷ്‌ണവിയെ ശ്രീകൃഷ്ണപുരം കാട്ടുകുളത്തെ ഭർതൃവീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. ഭർത്താവ് ദീക്ഷിത് മാത്രമാണ് ഈസമയം വീട്ടിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. വൈഷ്ണവിയുടെ അച്ഛനും അമ്മയും വിവരമറിഞ്ഞു എത്തുകയായിരുന്നു. തുടർന്ന്, മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈഷ്‌ണവി മരിച്ചെന്നും പോലീസ് പറഞ്ഞു.
യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഭർത്താവിനെ ചോദ്യംചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. വൈഷ്‌വിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ചിരുന്നതായും ഇതേത്തുടർന്നാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നുമാണ് ഭർത്താവിൻ്റെ മൊഴി. തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം വൈഷ്ണവിയുടെ മൃതദേഹം ആനമങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.