ശിവമോഗയിലെ രാഷ്ട്രകവി കുവേംപു വിമാനത്താവളത്തിൽനിന്ന് രാത്രികാല വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജി. നഞ്ചയ്യനമറ്റ് അറിയിച്ചു. നിലവിൽ വിമാനത്താവളത്തിൽ പകൽ സമയങ്ങളിൽ മാത്രമേ വിമാനസർവീസുകൾ നടത്തുന്നുള്ളൂ. നാലുമാസത്തിനുള്ളിൽ വിമാനത്താവളത്തിൽനിന്ന് രാത്രി വിമാനസർവീസുകൾ ആരംഭിക്കാനാണ് നീക്കമെന്നും അദ്ദേഹം അറിയിച്ചു.
വിമാനത്താവളം ഉദ്ഘാടനം ചെയ്തത് 2023 ഫെബ്രുവരി 27-നാണ്. ആദ്യന്തര സർവീസുകൾ മാത്രമാണ് നിലവിൽ ഇവിടെ നിന്നുള്ളത്. ഈ വർഷം 1.1 ലക്ഷം പേർ ഇവിടെനിന്നു യാത്ര ചെയ്തു. ബെംഗളൂരു, ഹൈദരാബാദ്, ഗോവ, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്ന് സർവീസുള്ളത്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് കൂടുതൽ സർവീസുകളുമായി നാലുമാസത്തിനുള്ളിൽ രാത്രി സർവീസുകൾ ആരംഭിക്കാനുള്ള നീക്കത്തിന് അധികതർ പദ്ധതിയിടുന്നത്.