ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിൻ്റെ സമീപനത്തിനെതിരെ പ്രതികരിച്ച് ബിന്ദു അമ്മിണി രംഗത്ത്. നവോത്ഥാന മൂല്യങ്ങളെയും കോടതി വിധികളെയും അവഗണിച്ച് പിണറായി വിജയന് സര്‍ക്കാര്‍ പിന്നോട്ടുപോകുകയാണെന്ന് അവര്‍ പറഞ്ഞു.
“ഇപ്പോൾ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പുരോഗമനവാദികളെയും നവോത്ഥാന പ്രസ്ഥാനങ്ങളെയും വഞ്ചിക്കുന്നതാണ്. ‘വിശ്വാസം സംരക്ഷിക്കും ഞങ്ങൾ ആചാരം സംരക്ഷിക്കും’ എന്ന തരത്തിലുള്ള പ്രസ്താവനകൾ മുൻകാലത്തിലുള്ള പുരോഗമന പാതയോട് പൊരുത്തപ്പെടുന്നതല്ല. സാധാരണ ജനങ്ങള്‍ പോലും സര്‍ക്കാരിൻ്റെ ഈ നിലപാട് പരിഹാസത്തോടെയാണ് കാണുന്നത്,” ബിന്ദു അമ്മിണി പറഞ്ഞു.
“മുഖ്യമന്ത്രിക്ക് ഞാന്‍ നേരിട്ട് ഒരു മെയിൽ അയച്ചിരുന്നു. ഒരു ഓപ്പണ്‍ ലെറ്ററും ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ അതിന് ഒരു മറുപടിയും ലഭിച്ചിട്ടില്ല. പിന്നീട് മന്ത്രി വി. എന്‍. വാസവന് പരസ്യമായി പറഞ്ഞ ‘ബിന്ദു അമ്മിണിയെ പങ്കെടുപ്പിക്കില്ല’ എന്ന പ്രസ്താവനയെ തന്നെയാണ് സര്‍ക്കാരിൻ്റെ മറുപടിയായി കാണുന്നത്.”- ബിന്ദു അമ്മിണി ആരോപിച്ചു.