യു.എസിലെ ആഞ്ജലസ് പസഫിക് പാലിസേഡ്സ് വൻ കാട്ടുതീയിൽ നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും ഉൾപ്പെടെ 2,921 ഏക്കർ പ്രദേശം കത്തിനശിച്ചു.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് കാട്ടുതീയുണ്ടായത്. പടിഞ്ഞാറൻ ലോസ് ആഞ്ജലസിലെ പസഫിക് പാലിസേഡ്സ് മേഖലയിൽ 10 ഏക്കർ വനത്തിന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ 3000 ഏക്കറിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. 10 കിലോമീറ്റർ അകലെയുള്ള വെനിസ് ബീച്ചിലും കാട്ടുതീയുടെ പുക പടർന്നുപിടിച്ചു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അതിവേഗത്തിൽ കാട്ടുതീ പടരാൻ കാരണമായതെന്ന് കാലിഫോർണിയയിലെ വന സംരക്ഷണ, അഗ്നിശമന വകുപ്പ് അറിയിച്ചു. ദുരന്തസാധ്യത മുന്നിൽ കണ്ട് അഞ്ചു ലക്ഷത്തോളം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവെച്ചു. മണിക്കൂറിൽ 160 കിലോ മീറ്റർ ദൂരത്തിൽ വീശിയടിക്കുന്ന കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥർ നൽകുന്ന അറിയിപ്പ്.