യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ. നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ നീക്കം. അടുത്ത വർഷം ആദ്യം പദ്ധതി പാർലമെന്റിൽ നിയമം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ.
യു കെയിൽ നിയമവിരുദ്ധമായി ജോലിചെയ്യുന്നവരെ പുതിയ ഡിജിറ്റൽ ഐഡി പദ്ധതി പ്രതികൂലമായി ബാധിക്കും എന്നാലും ഇത് പൗരന്മാർക്കും നിയമാനുസൃതമായി ജോലി ചെയ്യുന്നവർക്കും നിരവധി പ്രയോജനങ്ങളാണ് ലഭ്യമാക്കുകയെന്നും സ്റ്റാർമർ പറഞ്ഞു.
പേര്, ജനനതീയതി, ഫോട്ടോ, ദേശീയത എന്നിവ ഉൾപ്പെടുന്ന ഐഡി ഫോണിലോ ഡിജിറ്റൽ ഉപകരണത്തിലോ സൂക്ഷിക്കാവുന്നതാണ്. ഐഡി വ്യക്തികൾ കൈവശം വെക്കുന്നതും ഹാജരാക്കേണ്ടതും നിർബന്ധമാക്കില്ലെങ്കിലും യുകെയിൽ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള ഒരു മാർഗമായി ഡിജിറ്റൽ ഐഡി നിർബന്ധമാക്കും.
ഇത് ഏവർക്കും പ്രയോജനപ്പെടുത്താനാകും വിധമായിരിക്കും നടപ്പാക്കുക. അതായത് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ കഴിയാത്തവർക്കുപോലും പദ്ധതിയിലൂടെ ഇതിൻ്റെ ഗുണം ലഭിക്കും.