ലഡാക്കിലെ പ്രതിഷേധങ്ങൾക്ക് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ സന്നദ്ധസംഘടനയായ സ്റ്റുഡന്റ്സ് എജ്യുക്കേഷണൽ & കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കിൻ്റെ (SECMOL) എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കി. ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ, വാങ്ചുക്കിൻ്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിനെതിരെ എഫ്സിആർഎ നിയമ ലംഘനങ്ങൾ ആരോപിച്ച് സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) 2010 പ്രകാരം നിരവധി നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്.
സാമ്പത്തിക വിവരങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുക, വിദേശ സംഭാവനകൾ ദുരുപയോഗം ചെയ്യുക, ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ആരോപണങ്ങളിൽ ലഡാക്ക് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന് ഓഗസ്റ്റ് 20ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്തുകൊണ്ടാണ് ലൈസൻസ് റദ്ദാക്കാത്തതെന്ന് വിശദീകരണം ആവശ്യപ്പെട്ട് സെപ്റ്റംബർ 10-ന് ഒരു റിമൈൻഡറും സോനത്തിൻ്റെ എൻജിഒയ്ക്ക് നൽകിയിരുന്നു. സെപ്റ്റംബർ 19-ന് എൻജിഒ ഇതിന് മറുപടി നൽകി. ആഭ്യന്തര മന്ത്രാലയം മറുപടി പരിശോധിക്കുകയും നിരവധി നിയമലംഘനങ്ങൾ എടുത്തുകാട്ടുകയും ചെയ്തു.