വികസന സദസിനോട് മുഖംതിരഞ്ഞ് നിൽക്കുന്നത് ശരിയായ സമീപനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വികസനത്തെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തുറന്ന മനസോടെ ചർച്ച ചെയ്യാമെന്നും ആ തുറന്ന മനസ് ചിലരിൽ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വികസന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നാടിൻ്റെ വികസന കാര്യത്തിൽ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ എതിർപ്പുകൾ മാറാൻ പാടില്ല. വികസന സദസിൽ മറ്റൊരു അജണ്ടയുമില്ല മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു മാസത്തിനകം വികസന സദസുകൾ നടത്തി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിക്കാനാണ് ലക്ഷ്യമാക്കുന്നതെന്നും ഇതിലൂടെ സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായി. എം.എൽ.എമാരായ ആൻ്റണി രാജു വി.കെ പ്രശാന്ത്, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരായ ടിങ്കു ബിസ്വാൾ, ടി.വി അനുപമ, എസ്.ഹരികിഷോർ തുടങ്ങിയവർ പങ്കെടുത്തു.