ബാഗ്രാം എയർബേസ് തിരികെ വേണമെന്ന യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ ആവശ്യത്തോട് പ്രതികരിച്ച് താലിബാൻ. രാഷ്ട്രീയകരാറിലൂടെ സൈനികതാവളം തിരികെ നൽകണമെന്നാണ് ചിലർ ആവശ്യപ്പെടുന്നത്. ഇതിനായി അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ തുടങ്ങിയെന്നും ചിലർ പറയുന്നു. എന്നാൽ, ഒരിഞ്ച് മണ്ണിന് വേണ്ടിയും അഫ്ഗാൻ കരാറുണ്ടാക്കാൻ തയാറല്ലെന്ന് പ്രതിരോധമന്ത്രാലയത്തിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ഫസി ഹുദ്ദീൻ ഫിത്രത്ത് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വിമാനത്താവളം അമേരിക്കയ്ക്ക് തിരിച്ചു തന്നില്ലെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നു ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടു പതിറ്റാണ്ട് നീണ്ട അഫ്ഗാൻ അധിനിവേശ സമയത്ത് അമേരിക്കൻ സേനയുടെ മുഖ്യതാവളമായിരുന്ന ബാഗ്രാം തിരിച്ചുകിട്ടാൻ ശ്രമിക്കുന്നതായി ട്രംപ് വ്യാഴാഴ്ചയാണു വെളിപ്പെടുത്തിയത്.