ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി യുഎസ് പ്രതിനിധികൾ ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക കഴിഞ്ഞ മാസം ഇന്ത്യയ്ക്കു മേൽ 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടു നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ, ഇന്ത്യയും യുഎസും സ്വഭാവിക പങ്കാളികളാണെന്നും കൂടുതൽ ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകളിൽ അയവുണ്ടാകുന്നത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഓഗസ്റ്റ് 25 ന് നടക്കാനിരുന്ന ചർച്ചകൾ മാറ്റിവച്ചിരുന്നു.