6 വർഷങ്ങൾക്ക് മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി വിജിലിന്റെ അസ്ഥികൾ കണ്ടെത്തി. സരോവരം പാർക്കിലെ ചതുപ്പിൽ നിന്ന് കഴിഞ്ഞ ദിവസം വിജിലിന്റേതെന്ന് സംശയിക്കുന്ന ഒരു ഷൂ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കണ്ടെത്തി.
വിജിലിന്റെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പൊലീസ് ഒരു മാസത്തോളമായി മൃതദേഹത്തിനായുള്ള തെരച്ചിൽ നടത്തുകയായിരുന്നു. കേസിൽ ഇതോടെ നിർണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. വിജിലിനെ ചതുപ്പിൽ കുഴിച്ചു മൂടിയെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്. വിജിലിനെ കാണാനില്ലെന്ന പരാതിയിൽ എലത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ സുഹൃത്തുക്കളിലേക്ക് സംശയം വ്യാപിച്ചെങ്കിലും തുടരന്വേഷണം എങ്ങും എത്തിയിരുന്നില്ല.
സ്റ്റേഷനിൽ പുതുതായെത്തിയ എസ്എച്ച്ഒ രഞ്ജിത്ത് കെആർ സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണന്റെ നിർദ്ദേശ പ്രകാരം കേസ് ഏറ്റെടുത്തതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വിജിൽ അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മരിച്ചെന്നും മൃതദേഹം ചതുപ്പിൽ കുഴിച്ചുമൂടിയെന്നും സുഹൃത്തുക്കൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
എരഞ്ഞിപ്പാലം വാഴതിരുത്തി കുളങ്ങരക്കണ്ടിയിൽ നിഖിൽ കെ.കെ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് സുഹൃത്തുക്കൾ. പൊലീസ് പ്രതികളെ കൊയിലാണ്ടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. തെളിവ് നശിപ്പിക്കൽ, മനഃപൂർവമല്ലാത്ത നരഹത്യ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ മാത്രം ചേർത്താണ് പൊലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.