ഓണത്തിന്‍റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര. സംസ്ഥാനത്ത് ഔദ്യോഗികമായി അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. തൃപ്പൂണിത്തുറ ബോയ്‌സ്ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റി അവിടെ തന്നെ അവസാനിക്കും.
ഇന്ന് രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയർത്തും. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കും. അമ്പാരിയും ആനയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശഭലമായ കാഴ്ചകൾക്കാകും നഗരം സാക്ഷിയാകുക. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 450 പൊലീസുകാരെ സുരക്ഷാക്രമീകരണങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.

കേരള സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതൽ ആരംഭിക്കും. രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചസാര, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ്, ചെറുപയർ പരിപ്പ്, തുവര പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൾഡ് ടീ, പായസം മിക്‌സ് തുടങ്ങിയ 14 ഇന അവശ്യസാധനങ്ങൾ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്.

Related Posts