കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കുട്ടനാട്ടിൽ മത്സ്യകൃഷി വ്യാപിപ്പിക്കാൻ ബഹുമുഖ പദ്ധതികൾ. ആധുനികവും പരമ്പരാഗതവുമായ കൃഷി രീതികളിൽ മത്സ്യ കർഷകർക്ക് പരിശീലനം നൽകും. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടു മത്സ്യകൃഷി, ബയോഫ്ളോക് മത്സ്യകൃഷി, ഒരു മത്സ്യം ഒരു നെല്ല്, (മത്സ്യ വിസർജ്യവും ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗപ്പെടുത്തിയുള കൃഷി) എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.
വിശദ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലോവർ, അപ്പർ കുട്ടനാടിൻ്റെ വ്യത്യസ്ത സാഹചര്യങ്ങൾക്കനുസൃതമായി ശുദ്ധജലത്തിലും ഓരുജലാശയത്തിലും പ്രത്യേക പദ്ധതികൾ വരും. കേന്ദ്ര ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെ.വി.കെ) എന്നിവയുടെ സാങ്കേതിക പിന്തുണയുണ്ടാകും.
കർഷകരെ പങ്കാളികളാക്കി വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് കൃഷിരീതികൾ പ്രചരിപ്പിക്കുക. കേന്ദ്ര ഫിഷറീസ് ഡെവലപ്മെൻ്റ് കമ്മിഷണർ ഡോ. മുഹമ്മദ് കോയ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, സി.എം.എഫ്.ആർ ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, ഐ.സി.എ ആറിന് കീഴിലുള്ള ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ, പ്രിൻസിപ്പൽ സയന്റ്റിസ്റ്റ് ഡോ. ഇമെൽഡ ജോസഫ്, കേന്ദ്ര സർക്കാർ ഏജൻസികൾ, കെ.വി.കെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.