ധർമ്മസ്ഥല കേസുമായി ബന്ധപ്പെട്ട കുറ്റക്കാർ ആരായാലും സർക്കാർ അവർക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. അജ്ഞാത പരാതിക്കാരനായി പ്രത്യക്ഷപ്പെട്ടിരുന്ന ചിന്നയ്യയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ബെംഗളൂരുവിലെ തൻ്റെ വസതിക്ക് സമീപം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിയുമായി ബന്ധപ്പെട്ട് ‘ഗൂഢാലോചന’ എന്ന പോയിൻറ് ആദ്യമായി ഉന്നയിച്ചത് താനാണെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

“ഞങ്ങൾ അവരുടെ പക്ഷത്തോ ഈ പക്ഷത്തോ അല്ല. ഞങ്ങൾ നീതിയുടെ പക്ഷത്താണ്. മതപരമായ കാര്യങ്ങളിൽ രാഷ്‌ട്രീയം കളിക്കരുത് എന്ന് മാത്രമാണ് ഞങ്ങൾ പറയുന്നത്,” ഡി കെ ശിവകുമാർ പറഞ്ഞു. “ധർമ്മസ്ഥല ക്ഷേത്ര മാനേജ്‌മെന്റിൻ്റെ കുടുംബാംഗങ്ങൾ തന്നെ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുന്നത് നല്ല നടപടിയാണെന്ന് പറയുകയും ചെയ്തു,” ശിവകുമാർ പറഞ്ഞു.

“അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാർ ആരായാലും,സർക്കാർ അവർക്കെതിരെ നടപടിയെടുക്കും. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇത് നിയമസഭയിലും സിഎൽപി യോഗത്തിലും പറഞ്ഞിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. അനന്യ ഭട്ട് തൻ്റെ മകളല്ലെന്ന സുജാത ഭട്ടിൻ്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, അത് പരിശോധിക്കും എന്ന് ശിവകുമാർ പറഞ്ഞു.

Related Posts